മുംബൈയിൽ ജെഎസ്ഡബ്ല്യു ഇന്ത്യൻ ഓപ്പൺ ആരംഭിക്കുന്നു; ഹോം വിജയത്തെ ലക്ഷ്യമിട്ട് ഇന്ത്യൻ താരങ്ങൾ
മുംബൈ, മാർച്ച് 17: ഐകോണിക് സിസിഐ ബ്രബോൺ സ്റ്റേഡിയത്തിൽ നാളെ മുതൽ ആരംഭിക്കുന്ന ജെഎസ്ഡബ്ല്യു ഇന്ത്യൻ ഓപ്പൺ രണ്ടാം പതിപ്പോടെ അഞ്ച് ദിവസത്തെ ആവേശകരമായ സ്ക്വാഷ് പോരാട്ടങ്ങൾക്ക് വേദിയൊരുങ്ങി. ഇന്ത്യയുടെ മുൻനിര താരങ്ങളെയും അന്താരാഷ്ട്ര താരങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ ടൂർണമെന്റിൽ പുരുഷ-വനിത വിഭാഗങ്ങളിലായി 30 മത്സരങ്ങൾ നടക്കും. പിഎസ്‌എ റാങ്കിംഗ് പോയിന്റുകളും കിരീടവും സ്വന്തമാക്കാൻ താരങ്ങൾ കടുത്ത പോരാട്ടത്തിനിറങ്ങും.
പ്രൊഫഷണൽ സ്ക്വാഷ് അസോസിയേഷൻ (പിഎസ്‌എ) അംഗീകരിക്കുകയും സ്ക്വാഷ് റാക്കറ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്‌ആർഎഫ്‌ഐ)യുടെ കീഴിൽ സംഘടിപ്പിക്കുകയും ചെയ്യുന്ന ജെഎസ്ഡബ്ല്യു ഇന്ത്യൻ ഓപ്പൺ പിഎസ്‌എ കോപ്പർ ഇവന്റാണ്. പുരുഷ-വനിത വിഭാഗങ്ങളിൽ സമാന സമ്മാനത്തുകയാണ് നൽകിയിരിക്കുന്നത്. ലോകോത്തര താരങ്ങളുമായി ഹോം ഗ്രൗണ്ടിൽ മത്സരിച്ച് വിലപ്പെട്ട പരിചയം നേടാനുള്ള വേദിയായി ഈ ടൂർണമെന്റ് ഇന്ത്യൻ താരങ്ങൾക്ക് വളരെയധികം പ്രാധാന്യമാർജിക്കുന്നു.
ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ അനഹത് സിംഗ്, പിഎസ്‌എ ടൂറിൽ മികച്ച പ്രകടനങ്ങളോടെ ശ്രദ്ധ നേടിയ ശേഷമാണ് ഇത്തവണ തിരിച്ചെത്തുന്നത്. റമിത് ടണ്ടൺ, വീർ ചോത്രാണി, അഭയ് സിംഗ്, വെറ്ററൻ താരം ജോഷ്ന ചിനപ്പ എന്നിവരും ഹോം ആരാധകർക്ക് മുന്നിൽ ശക്തമായ പ്രകടനം കാഴ്ചവെക്കാൻ ഒരുങ്ങുന്നു. യഹ്യ എൽനവാസ്നൈ, നാദിയൻ എൽഹമ്മാം, എനോറ വിലാർഡ് എന്നിവരടങ്ങുന്ന ശക്തമായ അന്താരാഷ്ട്ര താരനിരയും മത്സരത്തിന് നിറംപകരും. ടൂർണമെന്റിന് മുന്നോടിയായി അനഹത് സിംഗും റമിത് ടണ്ടണും മത്സരത്തെക്കുറിച്ചും ഇന്ത്യയിൽ നടക്കുന്ന ഇത്തരം ടൂർണമെന്റുകൾ ഇന്ത്യൻ സ്ക്വാഷ് താരങ്ങൾക്ക് നൽകുന്ന അവസരങ്ങളെക്കുറിച്ചും അഭിപ്രായപ്പെട്ടു.
2028-ൽ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ സ്ക്വാഷ് ആദ്യമായി ഉൾപ്പെടാനിരിക്കെ, ജെഎസ്ഡബ്ല്യു ഇന്ത്യൻ ഓപ്പൺ പോലുള്ള ടൂർണമെന്റുകൾ ഇന്ത്യൻ സ്ക്വാഷ് രംഗത്തിന്റെ വളർച്ചയ്ക്ക് നിർണായകമാണ്. റാങ്കിംഗ് പോയിന്റുകളും അന്താരാഷ്ട്ര പരിചയവും നേടാനുള്ള വേദിയായി ഇവ പ്രവർത്തിക്കുന്നു. മാർച്ച് 18-ന് ഉച്ചയ്ക്ക് 12 മണിക്ക് ഉദ്ഘാടന മത്സരങ്ങൾ ആരംഭിക്കും. മാർച്ച് 19-ന് രണ്ടാം റൗണ്ടും മാർച്ച് 20-ന് ക്വാർട്ടർ ഫൈനലുകളും നടക്കും. മാർച്ച് 21-ന് സെമിഫൈനലുകൾ നടക്കും. മാർച്ച് 22-ന് ഞായറാഴ്ച ഫൈനലോടെ ടൂർണമെന്റ് സമാപിക്കും. രാജ്യത്തെ ആരാധകർക്ക് ഫാൻകോഡിൽ മത്സരം തത്സമയം കാണാം. സിസിഐ ബ്രബോൺ സ്റ്റേഡിയത്തിൽ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർക്ക് ഡിസ്‌ട്രിക്ട് പ്ലാറ്റ്ഫോമിൽ ടിക്കറ്റുകൾ ലഭ്യമാണ്.
