തിയോഫിനച്ചൻ ധന്യപദവിയിൽ.
കൊച്ചി: ദൈവദാസൻ തിയോഫിനച്ചനെ ലിയോ പതിനാലാമൻ മാർപാപ്പ ധന്യപദവിയിലേക്ക് ഉയർത്തി. വത്തിക്കാനിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നലെയുണ്ടായി.
തിയോഫിനച്ചനെ ധന്യപദവിയിലേക്ക് ഉയർത്താനുള്ള വരാപ്പുഴ അതിരൂപത തലത്തിലുള്ള നടപടികൾ 2016 ഒക്ടോബർ 24 ന് പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമദേവാലയത്തിൽ പൂർത്തിയാക്കി കാനോനിക രേഖകളടങ്ങിയ 94 പേടകങ്ങൾ വത്തിക്കാനിൽ എത്തിച്ചിരുന്നു. ഇതിൻ്റെ പരിശോധന വിവിധ തലങ്ങളിൽ കർദ്ദിനാൾ സമിതി പൂർത്തിയാക്കിയാണ് ഇന്നലെ തിയോഫിനച്ചനെ ധന്യനായി പ്രഖ്യാപിച്ചത്.
കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് കുടല്ലൂർ കുടുംബത്തിൽ 1913 ജൂലൈ 20 നു ജനിച്ച തിയോഫിനച്ചൻ 1941 ഏപ്രിൽ 20 ന് പൗരോഹിത്യം സ്വീകരിച്ചു. 1968 ഏപ്രിൽ നാലിനായിരുന്നു മരണം. ജീവിത കാലത്തു തന്നെ അദ്ദേഹത്തിൻ്റെ സുകൃതങ്ങൾ പ്രസിദ്ധമായിരുന്നു. 2005 ജനുവരി 10 നാണ് തിയോഫിനച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചത്. 2014 ഫെബ്രുവരി ഒന്നിന് തിയോഫിനച്ചൻ്റെ കുഴിമാടം തുറന്നു പരിശോധിച്ചിരുന്നു.
