ഹൃദയമിടിപ്പു കുറയുന്ന ബ്രാഡികാര്‍ഡിയ സംഭവങ്ങള്‍ വര്‍ധിക്കുന്നതായി ഹൃദ്രോഗ വിദഗ്ദ്ധർ.
കൊച്ചി: ഹൃദയമിടിപ്പു മന്ദഗതിയിലാകുന്ന ബ്രാഡികാര്‍ഡിയ കുറഞ്ഞ തോതില്‍ മാത്രം നിര്‍ണയിക്കപ്പെടുന്നതായും പലപ്പോഴും അവഗണിക്കപ്പെടുന്നതായും ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ മുന്‍നിര കാര്‍ഡിയോളജി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗം നിര്‍ണയിക്കപ്പെടുന്ന രംഗത്തെ വെല്ലുവിളികള്‍ക്കൊപ്പം പരിചരണം നേടുന്നതും ഇതുമായി ബന്ധപ്പെട്ട ചികില്‍സാ രംഗത്തെ ആധുനീക നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. മിനിറ്റില്‍ 60 ഹൃദയമിടിപ്പുകള്‍ക്കു താഴെയുള്ള നിലയിലേക്കു നീങ്ങുന്നതാണ് ബ്രാഡികാര്‍ഡിയയായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. ആയിരത്തില്‍ ഒരു വ്യക്തിയെ വീതം ഇതു ബാധിക്കുന്നതായും 65 വയസിനു മുകളിലുള്ളവരില്‍ ഇതു കൂടുതലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഹൃദയത്തിലെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളിലെ അസാധാരണത്വങ്ങളില്‍ നിന്നാണ് ബ്രാഡികാര്‍ഡിയ ഉല്‍ഭവിക്കുന്നതെന്ന് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ആസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സസ് ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആര്‍ അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ഇത് നിര്‍ണായക അവയവങ്ങളിലേക്കുള്ള രക്ത ചംക്രമണം കുറക്കും. ക്ഷീണം, തലകറക്കം, ശ്വാസത്തിന്റെ ബുദ്ധിമുട്ട്, പ്രത്യേക കാരണമില്ലാതെ തളര്‍ന്നു വീഴുക തുടങ്ങിയവയാണ് സാധാരണയായി ഇതിന്റെ ലക്ഷണങ്ങള്‍. എന്നാല്‍ ഇവ രൂക്ഷമാകുന്നതു വരെ പലരും ഗൗരവമായി എടുക്കാറില്ല. തളര്‍ന്നു വീഴുകയോ താല്‍ക്കാലികമായ ബോധക്ഷയം ഉണ്ടാകുകയോ ചെയ്യും വരെ പലരും ഇതവഗണിക്കും. പരിമിതമായ അവബോധത്തെ തുടര്‍ന്ന് രോഗനിര്‍ണയം വൈകുന്നത് ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. നേരത്തെ തന്നെ രോഗനിര്‍ണയം നടത്തുന്നതും കൃത്യമായി ഇടപെടുന്നതും പേസിങ് തെറാപികളിലെ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തുന്നതും സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ലീഡ്‌ലെസ് പേസ്‌മേക്കറുകള്‍ വ്യക്തികള്‍ക്കായി ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കുന്നത് സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിലും മൊത്തത്തില്‍ രോഗത്തില്‍ നിന്നു വിമുക്തി നേടുന്നതിലും ഏറെ പ്രധാനപ്പെട്ടതാണെന്നും ഡോക്ടര്‍ അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.
ലിഡ്‌ലെസ് പേസ്‌മേക്കറുകള്‍ ഉള്‍പ്പെടെ പേസിങ് സാങ്കേതികവിദ്യകളിലെ മുന്നേറ്റങ്ങള്‍ സങ്കീര്‍ണതകള്‍ കുറക്കാനും രോഗം ഭേദമാകുന്നത് വേഗത്തിലാക്കാനും സഹായിക്കുമെന്ന് കൊച്ചി ആസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സസ് ഹാര്‍ട്ട് റിഥം സെന്റര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും ഡയറക്ടറുമായ ഡോ. പ്രവീണ്‍ ശ്രീകുമാര്‍ പറഞ്ഞു. ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത രോഗികകള്‍ക്ക് ഈ പുതിയ സംവിധാനങ്ങള്‍ മെച്ചപ്പെട്ട ക്ലിനിക്കല്‍ സ്ഥിരതയും മെച്ചപ്പെട്ട ജീവിത നിലവാരവും ലഭ്യമാക്കും. സിംപ്‌റ്റോമാറ്റിക് ബ്രാഡികാര്‍ഡിയയ്ക്ക് വ്യവസ്ഥാപിതമായും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളതുമായ ഏക ചികില്‍സ പേസ്‌മേക്കര്‍ തെറാപിയാണ്. ഇന്ത്യയില്‍ പത്തു ലക്ഷം പേര്‍ക്ക് 0.6 പേസിങ് കേന്ദ്രങ്ങളാണുള്ളത്. പത്തു ലക്ഷം പേര്‍ക്ക് 17 പേസ്‌മേക്കര്‍ ഇംപ്ലാന്റുകളും ആണുള്ളത്. പശ്ചിമ യൂറോപ്പിലേക്കാളും അമേരിക്കയിലേക്കാളും വളരെ കുറഞ്ഞ നിലയാണിത്. അടിസ്ഥാന സൗകര്യങ്ങള്‍, സ്‌പെഷലിസ്റ്റുമാരുടെ ലഭ്യത, രോഗികള്‍ക്കിടയിലെ ബോധവല്‍ക്കരണം എന്നിവ സംബന്ധിച്ച അപര്യാപ്തതയാണ് ഇതു ചൂണ്ടിക്കാട്ടുന്നതെന്നും ഡോ. പ്രവീണ്‍ ശ്രീകുമാര്‍ പറഞ്ഞു. ഉയര്‍ന്ന പ്രായം ബ്രാഡികാര്‍ഡിയ സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണെന്ന് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സസ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആര്‍ സന്ദീപ് പറഞ്ഞു. പേസ്‌മേക്കര്‍ ഘടിപ്പിക്കപ്പെട്ടവരില്‍ 75-80 ശതമാനം പേരും 65 വയസിനു മുകളിലുള്ളവരാണ്. ഹൃദ്രോഗങ്ങള്‍, മുന്‍പ് മിയോകാര്‍ഡിയല്‍ ബാധ ഉണ്ടായത്, ഹൃദയ പരാജയം, വാള്‍വുകളുടെ പ്രശ്‌നങ്ങള്‍, ഇലക്ടോലൈറ്റ് അസന്തുലിതാവസ്ഥ, ഹൈപോതൈറോയ്ഡിസം, അണുബാധകള്‍, ചില മരുന്നുകള്‍ തുടങ്ങിയവ മറ്റു കാരണങ്ങളാണ്. കൃത്യസമയത്തുള്ള ഇടപെടല്‍ ഇവിടെ ഏറെ പ്രധാനപ്പെട്ടതുമാണ്. സാധ്യമായ രോഗികള്‍ക്ക് ലീഡ്‌ലെസ് പേസ്‌മേക്കള്‍ ഉള്‍പ്പെടെ പേസിങ് ചികില്‍സാ രംഗഹത്തെ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്താനാവുന്ന മാര്‍ഗങ്ങളാണെന്നും ഇതു സുരക്ഷ വര്‍ധിപ്പിക്കുകയും ഭേദമാകല്‍ മെച്ചപ്പെട്ട തലത്തിലാക്കുകയും ചെയ്യുമെന്നും ഡോ. സന്ദീപ് പറഞ്ഞു.
രോഗികള്‍ക്കിടയിലെ ബോധവല്‍ക്കരണം, നേരത്തെ തന്നെ ഡോക്ടറെ കാണുകയും കൃത്യമായി രോഗനിര്‍ണയം നടത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഹൃദ്രോഗ വിദഗ്ദ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കിടയിലുള്ള ആശയവിനിമയത്തിനും വേദിയൊരുക്കിയ ശില്‍പശാല വിപുലമായ ബോധവല്‍ക്കരണത്തിന്റെ ആവശ്യതരയെ കുറിച്ചു ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഹൃദ്രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആധുനീക ചികില്‍സാ മാര്‍ഗങ്ങളെ കുറിച്ചു ബോധവല്‍ക്കരിക്കേണ്ടതിനെ കുറിച്ചും അവര്‍ ചൂണ്ടിക്കാട്ടി.
