KeralaTrending News

ചക്കക്കൊമ്പൻ ദൗത്യം നിർണായക ഘട്ടത്തിൽ; ഇന്നുതന്നെ അവസാനിപ്പിക്കാൻ വനംവകുപ്പ്.

ഇടുക്കി: ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ശക്തമാക്കി. ചക്കക്കൊമ്പൻ തുരുത്തിൽനിന്ന് 301 കോളനി ഭാഗത്തേക്കാണ് നിലവിൽ നീങ്ങുന്നത്. ആനയെ 301 കോളനി മേഖലയിലെത്തിക്കാനായാൽ ദൗത്യം എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ മറയൂർ കുടി ഭാഗത്തേക്കാണ് ആനയുടെ നീക്കം.

നടുത്തുരുത്തി തുരുത്തിൽനിന്ന് പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് ആന കടക്കുന്നത് തടയാൻ വനംവകുപ്പ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോട്ടിൽ സംഘത്തെയും വിന്യസിച്ചു. ആവശ്യമായ എല്ലാ സജ്ജീകരണങ്ങളോടെയും ദൗത്യസംഘം സ്ഥലത്ത് തുടരുകയാണ്. പന്നിയാർ ഭാഗത്തേക്ക് ആന നീങ്ങിയാൽ ദൗത്യം കൂടുതൽ വെല്ലുവിളിയാകുമെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) ഡി.കെ. വിനോദ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ദൗത്യം വിജയിച്ചില്ലെങ്കിലും ഇന്നുതന്നെ അവസാനിപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. സംഘാംഗങ്ങൾ ഏറെ ക്ഷീണിതരാണെന്നും സിസിഎഫ് അറിയിച്ചു.

അതേസമയം, ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ചതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്ന് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് പറഞ്ഞു. ആനയെ പ്രദേശത്തുനിന്ന് മാറ്റേണ്ടിവരുമെന്നും റേഡിയോ കോളർ ഘടിപ്പിക്കാൻ പോലും കഴിയാത്തവിധം അപകടകാരിയാണ് ചക്കക്കൊമ്പനെന്നും അദ്ദേഹം പറഞ്ഞു.

ജനവാസമേഖലയിൽ ഇറങ്ങി വീടുകളും കൃഷിയും നശിപ്പിച്ച് ജനങ്ങളുടെ ഉപജീവനത്തിന് ഭീഷണിയാകുന്ന കാട്ടാനയെ പിടികൂടി മാറ്റുകയാണ് വേണ്ടതെന്ന് ഡീൻ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. ആനയെ പിടികൂടേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ചക്കക്കൊമ്പന്റെ ആരാധകരെന്ന് അവകാശപ്പെടുന്നവരുടെ നിലപാടുകളെയും എം.പി. വിമർശിച്ചു.