ഇറാന് പുതിയ പ്രതിരോധ മന്ത്രി; അമേരിക്ക വീണ്ടും ആക്രമിച്ചാൽ കനത്ത തിരിച്ചടിയെന്ന് മെഹർദാദ് അഖ്ലാഖി
ടെഹ്റാൻ: മുൻ പ്രതിരോധ മന്ത്രി കൊല്ലപ്പെട്ട് എട്ടുമാസത്തോളം പിന്നിട്ടതിനു പിന്നാലെ ഇറാന് പുതിയ പ്രതിരോധ മന്ത്രിയായി മെഹർദാദ് അഖ്ലാഖി കെതാബ്ചിയെ നിയമിച്ചു. അദ്ദേഹത്തിന്റെ നിയമനത്തിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. 277 അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ 237 പേർ അനുകൂലിച്ചപ്പോൾ 15 പേർ എതിർത്തു. അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമണം നടത്തിയാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പുതിയ മന്ത്രി മുന്നറിയിപ്പ് നൽകി. ഇറാന്റെ പ്രതിരോധ മേഖലയിലെ ദീർഘകാല പരിചയസമ്പത്തുള്ള അഖ്ലാഖി, മുൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദെയുടെ പിൻഗാമിയായാണ് ചുമതലയേൽക്കുന്നത്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ആരംഭിച്ച ആക്രമണത്തിലാണ് നസീർസാദെ കൊല്ലപ്പെട്ടത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയും നിരവധി മുതിർന്ന സൈനിക ഉദ്യോഗസ്ഥരും അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് മജീദ് എബ്നുൽ റേസ ആക്ടിങ് പ്രതിരോധ മന്ത്രിയായി പ്രവർത്തിച്ചുവരികയായിരുന്നു.
സൈന്യത്തിൽ നേരിട്ട് പ്രവർത്തിച്ചുള്ള പരിചയമില്ലെങ്കിലും പ്രതിരോധ മന്ത്രാലയത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 42 വർഷത്തിലേറെ പ്രവർത്തിച്ച അനുഭവം അഖ്ലാഖിക്കുണ്ട്. മിസൈൽ നിർമാണം, ബഹിരാകാശ സാങ്കേതികവിദ്യ, പ്രതിരോധ വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ അദ്ദേഹം പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇറാന്റെ പ്രതിരോധ വ്യവസായ അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കുക, പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിക്കുക, സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തമാക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
അമേരിക്ക വീണ്ടും ആക്രമണത്തിന് മുതിർന്നാൽ ഇറാന്റെ പ്രതികരണം വ്യാപകവും ശക്തവുമായിരിക്കുമെന്ന് അഖ്ലാഖി പറഞ്ഞു. ഇറാനെതിരേ അമേരിക്ക വൻശേഷിയുള്ള ബോംബുകൾ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അമേരിക്കൻ സൈനികർ മേഖലയിൽനിന്ന് സുരക്ഷിതമായി പിൻവാങ്ങുന്നതിന് മുൻഗണന നൽകണമെന്നും ആക്രമണമുണ്ടായാൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
