KeralaTrending News

ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വേണ്ട; നിയമം ലംഘിച്ചാൽ പിഴയും തടവും

ഡൽഹി: ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മൊബൈൽ ഫോണിലൂടെ ഉച്ചത്തിൽ പാട്ട് കേൾക്കുന്നതും വീഡിയോകൾ കാണുന്നതും സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഫോൺ ഉപയോഗിക്കുന്നതും തടയാൻ ദക്ഷിണ റെയിൽവേയുടെ നടപടി. ഇയർഫോൺ ഉപയോഗിക്കാതെ സ്പീക്കറിലൂടെ ശബ്ദമുണ്ടാക്കി മറ്റുള്ളവരെ ശല്യപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ സ്വകാര്യതയും സമാധാനപരമായ യാത്രയും ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം. ജൻ വിശ്വാസ് (നിയമ ഭേദഗതി) ആക്ട് പ്രകാരം ഭേദഗതി ചെയ്ത റെയിൽവേ ആക്ടിലെ സെക്ഷൻ 145(2)(a) അനുസരിച്ചായിരിക്കും നടപടി.

ട്രെയിനിനുള്ളിൽ മാത്രമല്ല, പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള റെയിൽവേ പരിസരങ്ങളിലും നിയമം ബാധകമാണ്. മൊബൈൽ ഫോൺ സ്പീക്കറിൽ സംസാരിക്കുന്നതും പാട്ടുകളോ വീഡിയോകളോ ഉച്ചത്തിൽ കേൾപ്പിക്കുന്നതും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണെങ്കിൽ 1,000 രൂപ പിഴ ചുമത്താനും റെയിൽവേ പരിസരത്തുനിന്ന് പുറത്താക്കാനും വ്യവസ്ഥയുണ്ട്. ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടും ശല്യം തുടരുന്നവർക്കെതിരെ കൂടുതൽ കർശനമായ നടപടികളുണ്ടാകും. കുറ്റത്തിന്റെ സാഹചര്യത്തിനനുസരിച്ച് ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം കേസ് കോടതിയിലെത്തിക്കാനും സാധിക്കും.

യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ മറ്റുള്ളവരുടെ സൗകര്യവും അവകാശങ്ങളും പരിഗണിക്കണമെന്നും റെയിൽവേ യാത്രക്കാരോട് അഭ്യർഥിച്ചു.