NationalTrending News

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല; റിമാൻഡ് രണ്ട് ദിവസം കൂടി നീട്ടി

ഡൽഹി: ജന്തർ മന്തറിൽ ദേശീയ പതാക ഉയർത്തി നടത്തിയ മിന്നൽ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കിന്റെയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ഇരുവരുടെയും ജാമ്യാപേക്ഷയിൽ അനുകൂല തീരുമാനമുണ്ടാകാത്തതോടെ റിമാൻഡ് തുടരുകയാണ്. ഡൽഹിയിലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ പുതുതായി ചുമതലയേറ്റ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിലാണ് ഇരുവരെയും ഹാജരാക്കിയത്. ഒക്ടോബർ 13നാണ് ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കസ്റ്റഡി വീണ്ടും നീട്ടിയത്.

ജന്തർ മന്തറിലേക്കുള്ള അടച്ചിട്ട ഗേറ്റ് ചാടിക്കടന്ന് ദേശീയ പതാക ഉയർത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും പിടിയിലായത്. സിജെപിയുടെ പ്രമുഖ നേതാക്കളും കൺവീനർമാരുമായ ഇവരുടെ മോചനം തടയാൻ ജാമ്യനടപടികൾ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. ജാമ്യാപേക്ഷയിലെ തീരുമാനമെടുക്കുന്നത് വൈകുന്നതിനെതിരെ സിജെപി വക്താവ് രത്ന സിങ് ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു. പ്രോസിക്യൂഷന് വ്യക്തമായ നിയമവാദങ്ങൾ മുന്നോട്ടുവയ്ക്കാൻ കഴിഞ്ഞില്ലെന്നും അനുമാനങ്ങൾ മാത്രമാണ് നിരത്തിയതെന്നും രത്ന സിങ് പ്രതികരിച്ചു. കസ്റ്റഡി നീട്ടേണ്ട സാഹചര്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടി.