നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പൊലീസിനില്ല; അട്ടിമറി ആരോപണം തെറ്റ് – ഡിജിപി
തിരുവനന്തപുരം: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ആരോപണം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കേസിലെ പ്രതിയെ സംരക്ഷിക്കേണ്ട സാഹചര്യം പൊലീസിനില്ലെന്നും പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ നടപടികളുമായാണ് പൊലീസ് മുന്നോട്ടുപോകുന്നതെന്നും പ്രതിക്കെതിരെ ഗൗരവമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
അപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ കുടുംബവും കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആരോപിച്ചിരുന്നു. പ്രതിയുടെ സാമ്പത്തിക സ്വാധീനം അന്വേഷണത്തെയും നിയമനടപടികളെയും ബാധിക്കുമോയെന്ന ആശങ്കയാണ് കർണാടകയിലെ സുള്ള്യ സ്വദേശിയായ മരിച്ച ഇയാസിന്റെ കുടുംബവും പങ്കുവെച്ചത്. കുടുംബങ്ങളുടെ ആശങ്കകൾ പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉറപ്പുനൽകിയിട്ടുണ്ട്.
പ്രതിയെ രക്ഷിക്കാൻ പൊലീസ് തലത്തിൽ നീക്കം നടക്കുന്നുവെന്ന് സിപിഎമ്മും ഡിവൈഎഫ്ഐയും ആരോപിച്ചിരുന്നു. എന്നാൽ, കേസിൽ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ചുവരുന്നതെന്നാണ് പൊലീസ് നിലപാട്. പ്രതി സുഹൈൽ സജീവും സുഹൃത്തുക്കളും മദ്യപിച്ചിരുന്നതായി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റകരമായ നരഹത്യ, പൊതുവഴിയിൽ അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സുഹൈലിനെതിരെ ചുമത്തിയിരിക്കുന്നത്.
മദ്യപിക്കാൻ നിയമപരമായി നിശ്ചയിച്ച പ്രായപരിധി 23 വയസ്സായിരിക്കെ, 19 വയസ്സുള്ള സുഹൈൽ ബാറുകളിൽ കയറി മദ്യപിച്ചെന്ന സംഭവത്തിൽ എക്സൈസും കേസെടുത്തിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട അന്വേഷണവും തുടർനടപടികളും ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് പൊലീസിന്റെ നീക്കം.
