KeralaTrending News

ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച വരെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജാഗ്രതാ നിർദേശം ബാധകമാണ്. ഞായറാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ശനിയാഴ്ചയോടെ പടിഞ്ഞാറൻ രാജസ്ഥാനിലെ ചില പ്രദേശങ്ങളിൽ നിന്ന് കാലവർഷം പിൻവാങ്ങുന്നതിനുള്ള അനുകൂല സാഹചര്യം രൂപപ്പെടാൻ സാധ്യതയുണ്ട്. സൗരാഷ്ട്രയ്ക്കും അതിനോട് ചേർന്ന വടക്കുകിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം തുടരുകയാണ്.

വടക്കൻ തായ്‌ലൻഡിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി വെള്ളിയാഴ്ച വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിൽ എത്താൻ സാധ്യതയുണ്ട്. തുടർന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ ഇത് ന്യൂനമർദമായി ശക്തിപ്രാപിച്ചേക്കും. പിന്നീട് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. മാറാത്തവാഡയിൽ നിന്ന് മാന്നാർ കടലിടുക്കിലേക്കും തമിഴ്‌നാട്, കർണാടക മേഖലകൾക്ക് മുകളിലൂടെയും ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്തിൽ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

ഞായറാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.