ഹോർമുസിൽ സംഘർഷം രൂക്ഷം; അഞ്ച് ഇറാൻ എണ്ണക്കപ്പലുകൾ തകർത്തതായി യുഎസ്, തിരിച്ചടിയിൽ പത്ത് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ലോകത്തെ പ്രധാന വാണിജ്യപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലും ഏറ്റുമുട്ടൽ ശക്തമാകുന്നു. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ അമേരിക്കയും ഇറാനും ആക്രമണം തുടരുന്നതായി റിപ്പോർട്ടുകൾ. ഇറാന്റെ അഞ്ച് എണ്ണ ടാങ്കർ കപ്പലുകൾ തകർത്തതായി അമേരിക്കൻ സേന അറിയിച്ചു. ഇതിന് തിരിച്ചടിയായി രണ്ട് യുഎസ് നാവികസേനാ കപ്പലുകൾ ഉൾപ്പെടെ പത്ത് കപ്പലുകൾ ആക്രമിച്ചതായി ഇറാന്റെ വിപ്ലവഗാർഡ് അവകാശപ്പെട്ടു. അമേരിക്കയുടെ ഒരു ജലഡ്രോൺ പിടിച്ചെടുത്തതായും ഇറാൻ വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രിയാണ് ഇറാന്റെ അഞ്ച് ടാങ്കർ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് അമേരിക്കൻ സേനയുടെ വിശദീകരണം. തീപിടിച്ച് മുങ്ങുന്ന കപ്പലുകളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇറാൻ വിപ്ലവഗാർഡ് നേരത്തെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിനുള്ള തിരിച്ചടിയാണിതെന്നും യുഎസ് സേന അറിയിച്ചു. അമേരിക്കൻ ആക്രമണത്തിന് മറുപടിയായി എട്ട് എണ്ണ ടാങ്കറുകൾക്കും രണ്ട് യുഎസ് നാവികസേനാ കപ്പലുകൾക്കും നേരെ ആക്രമണം നടത്തിയെന്നാണ് ഇറാൻ വിപ്ലവഗാർഡിന്റെ അവകാശവാദം.
ഗൾഫ് മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിരവധി വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ടതായി സമുദ്രനിരീക്ഷണ സംഘടനകളും സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്റൈൻ, കുവൈത്ത് തുറമുഖങ്ങളിലുള്ള എണ്ണ ടാങ്കറുകൾക്ക് നേരെയും ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് ഇറാൻ നൽകിയിട്ടുണ്ട്. അതിനിടെ, ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടും ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായതായി ഇറാൻ അവകാശപ്പെട്ടെങ്കിലും 20 മിസൈലുകളിൽ 18 എണ്ണവും തകർത്തതായി ജോർദാൻ അറിയിച്ചു. ശേഷിച്ച രണ്ട് മിസൈലുകൾ ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് പതിച്ചതെന്നും അതിനാൽ ആളപായമുണ്ടായില്ലെന്നും ജോർദാൻ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ബാരലിന് 100 ഡോളർ കടന്നു.
