World

നേപ്പാൾ പ്രളയം: ഒറ്റപ്പെട്ട മേഖലകളിലേക്ക് വീണ്ടും ബന്ധമൊരുക്കാൻ ഇന്ത്യയും ചൈനയും

കാഠ്മണ്ഡു: മിന്നൽപ്രളയത്തിൽ റോഡുകളും പാലങ്ങളും തകർന്നതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ നേപ്പാളിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ ഇന്ത്യയുടെയും ചൈനയുടെയും സഹായം. ഗതാഗത ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളും നൽകിയ താൽക്കാലിക പാലങ്ങളെയാണ് നേപ്പാൾ ഇപ്പോൾ ആശ്രയിക്കുന്നത്. പ്രളയത്തിൽ റോഡുകൾക്കും പാലങ്ങൾക്കുമായി ഏകദേശം 3,000 കോടി നേപ്പാൾ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് നേപ്പാൾ റോഡ് ഗതാഗത വകുപ്പ് കണക്കാക്കുന്നത്. തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ ഏകദേശം 5,000 കോടി നേപ്പാൾ രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തൽ.

റസുവയ്ക്കും ചിത്‌വാനും ഇടയിലുള്ള മേഖലയിൽ മാത്രം 41 പാലങ്ങൾ പൂർണമായും നശിച്ചു. നാല് പാലങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മേഖലയിലെ 63 പാലങ്ങളിൽ 18 എണ്ണം മാത്രമാണ് മലവെള്ളപ്പാച്ചിലിനെ അതിജീവിച്ചത്. നിരവധി പ്രധാന റോഡുകളും പ്രളയത്തിൽ ഒലിച്ചുപോയിട്ടുണ്ട്. റസുവയുമായുള്ള നുവാക്കോട്ടിന്റെ റോഡ് ബന്ധവും ഇതോടെ വിച്ഛേദിക്കപ്പെട്ടു. ഫുർകെ ഖോലയിലെ കോൺക്രീറ്റ് പാലം തകർന്നതോടെ ധാഡിംഗ് ജില്ലാ ആസ്ഥാനമായ ധാഡിംഗ്ബെസിയിൽ നിന്ന് പൃഥ്വി ഹൈവേയിലേക്ക് എത്താനുള്ള പ്രധാന മാർഗവും അടഞ്ഞു. താൽക്കാലിക പാലങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തകർന്ന റോഡുകൾ പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായി റോഡ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശുഭരാജ് ന്യൂപാനെ അറിയിച്ചു. റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് അടിയന്തരമായി നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.