World

സിംഗപ്പൂർ പ്രധാനമന്ത്രിയുടെ ശമ്പളം വീണ്ടും ഉയരും; അധിക തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ലോറൻസ് വോങ്

സിംഗപ്പൂർ: ഉയർന്ന വേതനം കൊണ്ട് ആഗോള ശ്രദ്ധ നേടിയ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിന്റെ ശമ്പളത്തിൽ വീണ്ടും വർധന. എന്നാൽ ശമ്പള വർധനയിലൂടെ ലഭിക്കുന്ന അധിക തുക താൻ പൂർണമായി കൈപ്പറ്റില്ലെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുമെന്നും ലോറൻസ് വോങ് അറിയിച്ചു. പാർലമെന്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച പുതിയ ശമ്പള പരിഷ്കാരം അനുസരിച്ച് പ്രധാനമന്ത്രിയുടെ വാർഷിക വേതനം 2.2 മില്യൺ സിംഗപ്പൂർ ഡോളറിൽ നിന്ന് 3.6 മില്യൺ ഡോളറായി ഉയരും. ഇത് ഏകദേശം 23 കോടി രൂപയിലധികം വരും.

ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ വാർഷിക ശമ്പളം 3.06 മില്യൺ സിംഗപ്പൂർ ഡോളറായും മറ്റ് മന്ത്രിമാരുടേത് 1.80 മില്യൺ മുതൽ 2.88 മില്യൺ ഡോളർ വരെയായും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. പ്രതിഭാശാലികളായ വ്യക്തികളെ പൊതുസേവന രംഗത്തേക്ക് ആകർഷിക്കുന്നതിനും അഴിമതിരഹിതവും സുതാര്യവുമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിനുമാണ് ഉയർന്ന ശമ്പള ഘടനയെന്ന് സർക്കാർ വിശദീകരിച്ചു.

ജനങ്ങളുടെ ശരാശരി വരുമാനത്തേക്കാൾ ഉയർന്ന വേതനം ജനപ്രതിനിധികൾക്ക് നൽകുന്നതിൽ സമൂഹത്തിൽ നിലനിൽക്കുന്ന അതൃപ്തി മനസ്സിലാക്കുന്നുണ്ടെന്ന് ലോറൻസ് വോങ് പറഞ്ഞു. അതേസമയം, രാജ്യത്തിന്റെ ഭാവിക്കായി മികച്ച നേതൃത്വം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 15 മുതൽ ഘട്ടംഘട്ടമായാണ് ശമ്പള പരിഷ്കാരം നടപ്പാക്കുക. വ്യക്തിഗത പ്രകടനവും വിലയിരുത്തലിന്റെ ഭാഗമാകും. 15 വർഷത്തിന് ശേഷമാണ് സിംഗപ്പൂരിൽ മന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെയും ശമ്പള ഘടനയിൽ ഇത്തരമൊരു പരിഷ്കാരം നടപ്പാക്കുന്നത്.