വൈദ്യുതി പ്രതിസന്ധി: ‘സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് പരിഹരിക്കാനാകില്ല’; നിയന്ത്രണങ്ങൾ അടിയന്തര സാഹചര്യം കണക്കിലെടുത്ത്: മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരളം ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ബാക്കി വൈദ്യുതിക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നതെന്നും സാഹചര്യം മനസ്സിലാക്കി ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. അർധരാത്രി 12 മണിക്ക് ശേഷവും വൈദ്യുതി ഉപഭോഗത്തിന്റെ പീക്ക് സമയം കണക്കാക്കേണ്ട സാഹചര്യമാണുള്ളത്. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും അതിൽ ഖേദമുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കാൻ മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എന്നാൽ പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണത്തിന്റെ കൃത്യമായ സമയം മുൻകൂട്ടി അറിയിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഏകദേശ സമയപരിധി അറിയിച്ച് നിയന്ത്രണം ഏർപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ വൈദ്യുതി കരാർ നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ വിഷയത്തിൽ സർക്കാർ നേരിട്ട് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കോടതിവിധി സംസ്ഥാനത്തിന് അനുകൂലമാക്കുന്നതിനായി മികച്ച അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഴയുടെ കുറവ് അപ്രതീക്ഷിതമായി ഉണ്ടായതാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി പദ്ധതിക്ക് ശേഷം സംസ്ഥാനത്ത് വലിയ ജലവൈദ്യുത പദ്ധതികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണ് വൈദ്യുതി ഉത്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാകുന്നതിന് തടസ്സമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച തീരുമാനം താൻ ഒറ്റയ്ക്ക് എടുക്കേണ്ടതല്ലെന്നും സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. നിലവിലെ വൈദ്യുതി നിയന്ത്രണ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ ഒക്ടോബറിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
