‘അഞ്ച് കോടി എത്തും, 50 ലക്ഷം മാത്രം ചെലവാകും; ബാക്കി പങ്കിട്ടെടുക്കും’; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ദേവൻ
കൊച്ചി: തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദേവൻ. ഫണ്ടായി ലഭിക്കുന്ന തുകയിൽ വലിയൊരു ഭാഗം നേതാക്കൾ വീതിച്ചെടുക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് കള്ളപ്പണം എത്തുന്നതെന്നും പ്രചാരണം അവസാനിക്കാൻ 15 ദിവസം ശേഷിക്കുമ്പോഴാണ് പണം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് കോടി രൂപ വന്നാൽ അതിൽ 50 ലക്ഷം രൂപ മാത്രമാണ് ചെലവാക്കുന്നത്. ബാക്കി നേതാക്കൾ വീതിച്ചെടുക്കും ബിജെപിയിൽ ചേർന്നെങ്കിലും കേരളത്തിലെ പാർട്ടി നേതൃത്വം തന്നെ കാര്യമായി പരിഗണിച്ചിട്ടില്ലെന്നും ദേവൻ പറഞ്ഞു. കേരളത്തിൽ ടിവികെ നിർണായക ശക്തിയായി മാറുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്ക് സ്ഥാനാർഥികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ടിവികെയിൽ പുതുമുഖങ്ങൾക്ക് മാത്രമായിരിക്കും സ്ഥാനമെന്നും പഴയ രാഷ്ട്രീയക്കാരെ പാർട്ടിയിൽ ഉൾപ്പെടുത്തില്ലെന്നും ദേവൻ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് 2031ലായതിനാൽ പാർട്ടിക്ക് മുന്നൊരുക്കങ്ങൾക്ക് അഞ്ച് വർഷം സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 16നാണ് ദേവൻ ബിജെപി വിട്ടതായി പ്രഖ്യാപിച്ചത്. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പൊതുവേദിയിൽവെച്ചായിരുന്നു രാജി പ്രഖ്യാപനം.
