KeralaNationalPoliticsTrending News

കേരളത്തിൻ്റെ സംസ്കാരമാണ് മതസൗഹാർദം : രാഹുൽ ഗാന്ധി, കെ പി സി സി വിജയോൽസവം മഹാപഞ്ചായത്ത് നടത്തി

കൊച്ചി : കേരളത്തിൻ്റെ സംസ്കാരമായ മതസൗഹാർദം സംരക്ഷിക്കപ്പെടണമെന്നും അത് തകർക്കാൻ ആരെയും അനുവദിക്കരുതെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രസ്താവിച്ചു.
ത്രിതല പഞ്ചായത്തുകളിൽ വിജയിച്ച കോൺഗ്രസ് പ്രതിനിധികൾക്ക് കെപിസിസി നൽകിയ സ്വീകരണമായ വിജയോൽസവ മഹാപഞ്ചായത്തിലാണ് രാഹുൽ ഗാന്ധി വർഗീയവിരുദ്ധ പോരാട്ടത്തെക്കുറിച്ച് പറഞ്ഞത്.

കേരളത്തിൽ പല മതങ്ങളും ജാതികളും സംസ്കാരങ്ങളും ഉണ്ടെങ്കിലും എല്ലാവരും ഒരുമിച്ചാണ് മുന്നേറുന്നതെന്നും മതസൗഹാർദവും സമന്വയത്തിലൂന്നിയ രാഷ്ട്രീയ ബോധവും ഈ നാടിൻ്റെ സംസ്കാരമാണെന്നും രാഹുൽ ഗാന്ധി തുടർന്ന് പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്വല വിജയം നേടി സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാക്കുകയും ചെയ്യും. തൊഴിലില്ലായ്മ മൂലം കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ട യുവതി യുവാക്കൾ കുടിയേറ്റത്തിലേക്ക് പ്രേരിക്കപ്പെടുകയാണിപ്പോൾ അതിപ്രക്ഷമായ തൊഴിലില്ലായ്മക്ക് പരിഹാരം കാണാനുള്ളതായിരിക്കും യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പ്രസംഗം ഷാഫി പറമ്പിൽ എം.പി പരിഭാഷപ്പെടുത്തി.

കേരളത്തിൽ ബിജെപിയും സിപിഎമ്മും ഒന്നിച്ച് നിന്ന് പോരാടിയാലും യുഡിഎഫ്
ഉജ്വലവിജയം നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
കേരളത്തിൽ വർഗീയത വളർത്താൻ ആര് ശ്രമിച്ചാലും കോൺഗ്രസ് പ്രവർത്തകർ അതിന് മുന്നിൽ ഭീരുക്കളായി നിൽക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ മികച്ചൊരു സർക്കാരിനെ പ്രതീക്ഷിക്കുന്നുണ്ട് അതുടൻ യുഡിഎഫ് ഭരണത്തിലെത്തുമ്പോൾ സാധ്യമാകുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. മറൈൻ ഡ്രൈവിൽ ചേർന്ന മഹാപഞ്ചായത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100 ലധികം സീറ്റ് നേടി ഉജ്വല വിജയം നേടുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി മുൻ പ്രസിഡൻ്റുമാരായ കെ.സുധാകരൻ, കെ.മുരളീധരൻ, എം.എം.ഹസൻ, യു ഡി എഫ് കൺവീനർ അടൂർ പ്രകാശ്, എം.പിമാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ, എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് എന്നിവർ പ്രസംഗിച്ചു. എറണാകുളം ഡിസിസിയുടെ ഉപഹാരം പ്രസിഡൻ്റ് മുഹമ്മദ് ഷിയാസും കൊച്ചി മേയർ വി.കെ.മിനിമോളും ചേർന്ന് രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചു.